ന്യൂഡൽഹി: കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി. കോൺഗ്രസ് പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം അദ്ദേഹം എടുക്കില്ലെന്നും ഹൈബി പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് സുധാകരനെന്നും ഹൈബി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുളള നേതാക്കൾ സുധാകരനുമായി സംസാരിക്കും.
നിലവിലെ വാർത്തകൾ അണികൾ ആഗ്രഹിക്കുന്നുവെന്ന് കരുതുന്നില്ല. പുതിയ ആളുകൾ സ്ഥാനാർഥികളായി വരും എന്നാണ് പ്രതീക്ഷ. എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്നും എംപിമാരെ ഏൽപ്പിച്ച ഉത്തരവാദിത്വം പാർലമെന്റിലാണെന്നും ഹൈബി പറഞ്ഞു.കണ്ണൂരിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുകയാണ് കെ. സുധാകരൻ.
അതേസമയം, കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്റ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചയ്ക്കായി സുധാകരനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കെ സുധാകരൻ ഡൽഹിയിലേയ്ക്ക് പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ.